Monday, December 14, 2009

ഒരു ക്രിസ്തുമസ് ഗാനം

യെരുശലേമിലെ ആട്ടിടയന്മാരെ
നിങ്ങളറിഞ്ഞോ ? നിങ്ങളറിഞ്ഞോ ?
കാലത്തികിവില്‍ കാലിക്കുട്ടില്‍
കര്‍ത്തന്‍ പിറന്നല്ലോ, യേശു ക്രിസ്തു പിറന്നല്ലോ .
(യെരു.......)

കരുണ നിറഞ്ഞവനീമരുഭൂവിന്‍
കലുഷത പോക്കാനവതരിച്ചു .
കനിവൊരു ലേശവും അര്‍ഹിക്കാത്തോര്‍ -
ക്കനിശം കൃപയുടെ മഴ പൊഴിക്കാന്‍ .
(യെരു ........)

ഉന്നത നന്ദനന്‍ ഊഷരഭൂമിയില്‍
ഉലകിന്‍ രക്ഷക്കായ്‌ ജനിച്ചു .
ഉലവില്‍ത്തൂകാത്തുയിരേകീടാന്‍
ഉടയോനടിയാനായ് പിറന്നു .
(യെരു ......... )

ആദിയിലേദനിലാരംഭിച്ചൊരു
ആദാമ്യ പെരു പാപമതില്‍
ആശയുമാവിയുമറ്റ നമുക്കായ്
ആശിഷ മാരിയുമായ് പിറന്നു .
(യെരു ..........)


ജോണ്‍ തിരുവല്ല

Tuesday, October 13, 2009

മുദ്രയും പേറി കിഴക്കോട്ട് ( കഥ )

പടിഞ്ഞാറന്‍ ചക്രവാളം ചുവന്നു തുടങ്ങി . ചേക്കേറുന്ന കിളികളുടെ ആരവവും തീരത്ത് തല തല്ലി ചിരിച്ചൊഴുകുന്ന കാട്ടാറിന്റെ കളകള ശബ്ദവും കേള്ക്കാം
പൂമണവുമായി കടന്നുവന്ന മന്ദമാരുതന്‍ സസ്യവൃന്ദങ്ങളോട് കുശലം ചൊല്ലി കടന്നു പോയി .മൃഗങ്ങള്‍ ഒറ്റയായും ക‌ുട്ടമായും താവളം തേടുന്നു
അകലെയെവിടെയോ നിന്നു ഇടയനില്ലാത്ത ആടുകളുടെ കൂട്ടക്കരച്ചില്‍ . ചെന്നായ ആക്രമിച്ചിരിക്കുമൊ ?
സ്വര്ണ്ണവര്ണ്ണമാര്ന്ന നെല്‍മണികളും പേറി തല കുമ്പിട്ടു നില്ക്കുന്ന നെല്ചെടികള്ക്കിടയിലൂടെ ഒരു മനുഷ്യന്‍ നടന്നു വരുന്നു ,ഉന്മത്തനായി .കയ്യിലുള്ള കമ്പ്‌ കൊണ്ടു അവന്‍ ആ നെല്‍ക്കതിരുകള്‍ തല്ലിക്കൊഴിക്കുന്നു .ആരോടോ അടങ്ങാത്ത പകയുണ്ടെന്ന് വ്യക്തം അല്ലെങ്കില്‍ നഷ്ടബോധമാകാം .ഇടക്കിടെ നിലത്താഞ്ഞു ചവിട്ടുന്നു, കാര്ക്കിച്ചു തുപ്പുന്നു, പിറുപിറുക്കുന്നു
പാടത്തുനിന്നും പലവിധ വൃക്ഷങ്ങള്‍് നിറഞ്ഞ തോട്ടത്തിലേക്കവന്‍ പ്രവേശിച്ചു
വിട ; എന്റെ കളിക്കു‌ട്ടുകാരെ വിട.
നിങ്ങളെന്റെ ഹൃദയകവാടത്തിന്റെ താക്കോല്‍ കൂട്ടമായിരുന്നു .എന്റെ ആശകളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്ക്കാരമായിരുന്നു എല്ലാം നശിച്ചു ഞാന്‍ പുറത്താക്കപ്പെട്ടു
ഞാന്‍ പോകട്ടെ ഇനിയൊരിക്കലും മടങ്ങിവരാത്തവിധം
സുര്യന്‍ കടുത്ത എത്ര പകലുകള്‍ ഈ തണലില്‍ ഞാന്‍ ആശ്വാസം കണ്ടെത്തിയിരുന്നു മധുരമുള്ള ഇളനീരും പഴങ്ങളും തന്നു നിങ്ങളെന്നെ സല്ക്കരിച്ചിരിക്കുന്നു
നന്ദി ,ആയിരമായിരം നന്ദി
തോട്ടത്തിന്റെ മധ്യ ഭാഗത്തായി അവന്‍ നിന്നു ,ചുറ്റും നോക്കി സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട്- അവന്‍ ആ മണ്ണില്‍ കമഴ്ന്നുവീണു
വിട; .എന്നെന്നേക്കുമായി വിട അവന്‍ പിറുപിറുത്തുകൊണ്ടിരുന്നു
അടുത്തടുത്തുവരുന്ന പാദപതനശബ്ദം കേട്ടു അവന്‍ തലയുയര്ത്തിനോക്കി . ഏകാന്തതയില്‍ തനിക്ക് കൂട്ടാളികളായിരുന്ന മൃഗങ്ങള്‍ .കാര്യമെന്തെന്നറിയാതെ അവ അവനെ ഉറ്റു നോക്കി അവന് സങ്കടം സഹിക്കാനായില്ല .ആ മണ്ണില്‍ അവന്‍ തല തല്ലിക്കരഞ്ഞു തലമുടി വലിച്ചുകീറി
ഒരു ഭ്രാന്തനെപ്പോലെ വേഗം എഴുന്നേററ് അവന്‍ കിഴക്കിനെ ലക്ഷ്യമാക്കി നടന്നു
അതെ കയീന്‍ കിഴക്കോട്ട് നടന്നു
എത്രയോ സുന്ദരമായിരുന്നു തന്റെ ജീവിതം. ഇനിയൊരിക്കലും തിരികെ ലഭിക്കാതവണ്ണം അത് നഷ്ടപ്പെട്ടു .അല്ല താന്‍ നഷ്ടപ്പെടുത്തി. എവിടെയായിരുന്നു തുടക്കം, ചിന്തകള്‍ ഭൂതകാലത്തിലേക്കൂളിയിട്ടു
തന്റെ വിയര്‍പ്പിന്റെ ഫലവുമായി ,അനേകകാലത്തെ അധ്വാനത്തിന്റെ ഫലവുമായി യെഹോവയുടെസന്നിധിയിലേക്കു ചെല്ലുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളായിരുന്നു
തന്റെ വഴിപാട് ദൈവം സ്വീകരിക്കും ;വരമരുളും തന്റെ പുത്രത്വം നല്കി ലോകത്തിന്നധിപതിയാക്കും അങ്ങനെ എന്തെല്ലാം .പക്ഷെ എന്താണ് സംഭവിച്ചത്?
അല്പനായ ഹാബേലില്‍ ദൈവം പ്രസാദിച്ചു ;അവനെ അനുഗ്രഹിച്ചു
"ഹാബേല്‍" കയിന്റെമുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകി എന്നും എല്ലാവര്ക്കും സ്നേഹം അവനോടായിരുന്നു മടിയനായ ഹാബേല്‍
താന്‍ രാപകലില്ലാതെ പാടത്തും തോട്ടത്തിലും അധ്വാനിക്കുമ്പോള്‍,പാട്ടുപാടി ഉല്ലസിച്ച് ആടുകളെ മേയിച്ചു നടന്നവന്‍
അവനിലെന്ത് നന്മയാണുണ്ടായിരുന്നത്?
അവന്റെ യാഗം ദൈവത്തിനു പ്രസാധകരമായി തോന്നി
അതായിരുന്നു തുടക്കം. തനിക്ക് ഹാബെലിനോടു അസു‌യ തോന്നി. എന്താണ് ദൈവം പറഞ്ഞതു?
നീ നന്മ ചെയ്യുന്നുവെങ്കില്‍ എനിക്ക് നിന്നോട് പ്രസാദമുണ്ടകയില്ലയോ
എന്താണ് നന്മ ?എന്താണ് തിന്മ ? താന്‍ എന്ത് തിന്മയാണ് ചെയ്തിരുന്നത്. ദൈവത്തിനു പ്രസാദകരമല്ലാത്തതു എന്തെങ്കിലും ചിന്തിക്കുകയോ പ്രവര്ത്തിക്കുകയോ ചെയ്തിട്ടുണ്ടോ ?
ഹാബേലിനോടുള്ള സ്നേഹം മൂലം ദൈവം തന്നെ വെറുക്കുകയായിരുന്നു
ആ ചിന്തയാണ് തന്നില്‍ അസു‌യ ഉണ്ടാക്കിയത്
അതുകൊണ്ടല്ലേ? അതുകൊണ്ടല്ലേ? അതുകൊണ്ടല്ലേ? താന്‍ അവനെ കൊന്നത്
കയീന്‍ കിതച്ചുകൊണ്ടു അടുത്തുകണ്ട മരത്തില്‍ ചാരി നിന്നു
അരുതായിരുന്നു, അവനെ കൊല്ലരുതായിരുന്നു
പിറുപിറുത്തുകൊണ്ടു കുറ്റബോധത്തൊടെ അവന്‍ യാത്ര തുടര്‍ന്ന്
കയീന്‍ കിഴക്കോട്ട് സഞ്ചരിച്ചു


തോട്ടം കടന്നവന്‍ താഴ്വരയിലെത്തി .കണ്ണെത്താ ദൂരത്ത്‌ പരന്നു കിടക്കുന്ന താഴ്വര
ഇവിടെയാണ് ഹാബേല്‍ ആടുകളുമായി എത്താറുണ്ടായിരുന്നതു
ചുവന്നു തുടുത്ത മുഖവുമായി സുര്യന്‍ ഭൂമിയോട് വിട പറയാന്‍ തുടങ്ങുകയാണ്
പടിഞ്ഞാറന്‍ ചക്രവാളത്തിനു ചുവപ്പ് നിറം, ഹാബേലിന്റെ രക്തത്തിന്റെ നിറം
അവന്‍ ദൈവത്തിന്റെ ശബ്ദം കേട്ടു
"നിന്റെ സഹോദരന്റെ രക്തം നിന്റെ കയ്യില്‍നിന്നു ഏററുവാങ്ങാന്‍ വായ പിളര്‍ന്നു നില്ക്കുന്ന ഈ ദേശം വിട്ടു നീ ശാപഗ്രസ്തനായി പോകുക "
ഭയത്തോടെ അവന്‍ നെറ്റി തടവി
ദൈവം തന്ന അടയാളം. ശത്രുവില്നിന്നും രക്ഷ നേടാനുള്ള അടയാളം. നിരാശയോടെ അവന്‍ മുമ്പോട്ടു നടന്നു ദുഖത്തൊടെ അവന്‍ നടന്നു
ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുമായി അവന്‍ നടന്നു
ആടുകളുടെ കരച്ചില്‍ കേള്‍ക്കുന്നുവോ ?
ഹാബേലിന്റെ അലര്‍ച്ച കേള്‍ക്കുന്നുവോ ?അവന്‍ നടപ്പിനു വേഗം കൂട്ടി. കാലിലെന്തോ ഉടക്കി
അവന്‍ തിരിഞ്ഞ്ഞ്ഞുനോക്കി .സുര്യന്‍ അസ്തമിച്ചിരിക്കുന്നു
ചക്രവാളത്തിന്റെ ചോര നിറം കുറഞ്ഞിരിക്കുന്നു
ഞാന്‍ പോകട്ടെ ,ഇനിയൊരിക്കലും മടങ്ങിവരാതവണ്ണം
മുള്ച്ചെടിയില്‍നിന്നും കാല്‍ വലിച്ചൂരി അവന്‍ നടന്നു, കിഴക്കോട്ട്
അപ്പോഴും ആ ചോദ്യം അവനെ അലട്ടിക്കൊണ്ടിരുന്നു
എന്താണ് നന്മ ?എന്താണ് തിന്മ ?എന്റെ വഴിപാട് ദൈവം സ്വീകരിക്കാത്തതെന്തു ?
ആ ചോദ്യഭാരവും പേറി അവന്‍ നടന്നു അതെ കയ്യിന്‍ കിഴക്കോട്ട് നടന്നു
മുദ്രയും പേറി കിഴക്കോട്ട്

Sunday, August 30, 2009