Tuesday, August 5, 2008

ബാബേല്‍ (കഥ)

ടോമി രാവിലെ ബസ് സ്ടൊപ്പിലേക്കു നടന്നു .മഞ്ഞു മൂടിക്കിടക്കുകയാണ് .ഡല്‍ഹിയിലെ ഡിസംബര്‍ മാസത്തിലെ തണുപ്പ് ആദ്യമായി അനുഭവിക്കുകയാണ് .ഇവിടെ എത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ .ക്രിസ്തുമസ് കഴിഞ്ഞ് നാട്ടില്‍ നിന്ന് പോന്നാല്‍ മതിയെന്ന് ആലോചിച്ചതാണ് .പക്ഷെ അന്കിളിന് നിര്‍ബ്ബന്തം ദീപാവലി കഴിഞ്ഞാലുടനെ എത്തണം .ഇവിടെ ദീപാവലി കഴിയുമ്പോള്‍ ധാരാളം ജോലി ഒഴിവുണ്ടാകും .ഭയങ്കര തണുപ്പാണ് .നടക്കുമ്പോള്‍ കൈകളിലൂടെയും കാലുകളിലുടെയും തണുപ്പ് അരിച്ചു കയറുന്നു മൂക്കില്‍് നിന്നും വായില്‍ നിന്നും പുക പോകുന്നത് പോലെ കാണാം .ജാക്കറ്റ് ഇട്ടിരിക്കുന്നതുകൊണ്ട് ശരീരത്തില്‍് തണുപ്പറിയുന്നില്ല .എല്ലാവരും കൈകള്‍ പോക്കറ്റില്‍ തിരുകിയിരിക്കുകയാണ് .
ബി കോം പാസായി ,ആറു മാസം നാട്ടിലൊരു ബ്ലേഡ് കമ്പനിയില്‍ ജോലി നോക്കി .ഇവിടെ മയൂര്‍്വിഹാറില്‍് താമസിക്കുന്ന അന്കിളിന്റെ അടുക്കല്‍ എത്തിയിട്ട് ഒരാഴ്ചയേ ആയുള്ളൂ .കഴിഞ്ഞ ദിവസം ഒരു ഇന്ടര്‍വ്യുവിനു പോയി. അന്ന് അന്ക്കിളും കൂടെ ഉണ്ടായിരു‌ന്നു .ഭാഷ അറിഞ്ഞുകൂട എന്ന് പറഞ്ഞവര്‍് തന്നെ ഒഴിവാക്കി .ഹിന്ദി അറിയാമോ എന്ന് ചോദിച്ചാല്‍ തോഡാ തോഡാ എന്ന് പറയാം .
നെഹ്രുപ്ലേസില് ഒരു പഞ്ചാബിയുടെ ഓഫ്ഫീസിലാണു ഇന്റര്‍വ്യു .പന്ചാബികളുടെ കൂടെയുള്ള ജോലി വളരെ കഠിനമാണെന്നു പലരും പറഞ്ഞു .ഇവിടെ അവരെ കളിയാക്കികൊണ്ടുള്ള ധാരാളം കഥകളുണ്ട് .പക്ഷെ അവര്‍ അത്ര വിഢികളൊന്നുമല്ല .നല്ല ബുദ്ധികൂര്‍്മ്മത ഉള്ളവരും ധൈര്യശാലികളും അദ്ധ്വാനികളും ആണ് .
ബസ് സ്ടൊപ്പെത്തി. ആദ്യമായിട്ടാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ചെറിയ ഭയമുണ്ട് എല്ലാവരും ആദ്യം ഇങ്ങനെയൊക്കെ ആയിരുന്നു എന്ന അങ്കിളിന്‍റെ വാക്കുകളാണ് ആകെയുള്ള ധൈര്യം .ഇവിടെ ബസ്സുകള്‍ നമ്പര്‍ മുലമാണ് അറിയപ്പെടുന്നത് .
അടുത്തുനിന്ന ഒരു ഹിന്ദിക്കാരനോടു അവന്‍ അറിയാവുന്ന ഹിന്ദിയില്‍ ചോദിച്ചു ."നെഹ്രുപ്ലേസ് ഗാഡി കോന്സാ ?"
"ചാര്‍ സൌ തെരാനബ്ബെ അയാള്‍ മറുപടി പറഞ്ഞു
"അച്ചാ ടോമി" അവന്‍ തിരിച്ചു പറഞ്ഞു
"പാഗല്‍് ഹേ ക്യാ "പിറുപിറുത്തുകൊണ്ട് അയാള്‍ മുന്നോട്ടു നടന്നു .ചുറ്റും നില്‍ക്കുന്നവര്‍ ചിരിക്കുന്നതവന്‍് ശ്രദ്ധിച്ചു .അവനൊന്നും മനസ്സിലായില്ല .താനെന്തെന്കിലും വിഡ്ഢിത്തം പറഞ്ഞോ ?
"മലയാളിയാണല്ലേ ? "ആ ചോദ്യം കേട്ടവന്‍ സന്തോഷത്തോടെ തിരിഞ്ഞു നോക്കി .
മധ്യവയസ്കനായ ഒരാള്‍ ചിരിച്ചുകൊണ്ട് നില്ക്കുന്നു .
"അതെ" അവന്‍ പ്രതിവചിച്ച്ച്ചു ."ഇവിടെ വന്നിട്ട് കുറച്ചു ദിവസമേ ആയുള്ളു ഭാഷ നല്ല വശമില്ല" .ടോമി വിനയത്തോടെ പറഞ്ഞു .
"അയാള്‍ ബസ് നമ്പര്‍ പറഞ്ഞപ്പോള്‍് ഇയാളെന്തിനാ പേര് പറഞ്ഞത് ?"അയാള്‍ ചോദിച്ചു
"ചാര്‍ സൌ ബസ് നമ്പരാണെന്ന് മനസ്സിലായി തേര നാം എന്ന് പറഞ്ഞാല്‍് പേരെന്താണെന്നല്ലെ ?"ടോമി ചമ്മലോടെ ചോദിച്ചു
ചാര്‍ സൌ തെരാനബ്ബെ എന്ന് പറഞ്ഞാല്‍് നാനൂററിതൊണ്ണൂറ്റിമൂന്നു എന്നാണ് നെഹ്രുപ്ലേസിലേക്കുള്ള ബസിന്റെ നമ്പര്‍
അപ്പോള്‍് ടോമി ശരിക്കും ചമ്മി .അയാള്‍ തുടര്‍ന്നു "ചമ്മലൊന്നും വേണ്ടാ ഇവിടെഎത്തുന്നഎല്ലാവര്ക്കും ഇങ്ങനെ എന്തെങ്കിലുമൊക്കെ സംഭവിച്ചിട്ടുണ്ട് .എന്റെ ഭാര്യയുടെ അനുഭവം പറയാം അവള്‍ നേഴ്സാണ് .ആദ്യമായി ജോലി ചെയ്ത ആശുപത്രിയിലെ ഡോക്ടര്‍ അവളോടെന്തോ അപമര്യാദയായി പെരുമാറി കല്യാണത്തിനു മുമ്പാണു കേട്ടോ അവള്‍ ദേഷ്യപ്പെട്ട് ഡോക്ടറോട് പറഞ്ഞു ഐസേ കൊയി ഇടപാട് നഹി ഹേ മേരാ സാലറി ഇപ്പം തായോ .ആ ഹിന്ദി കേട്ടു ഡോക്ടര്‍ ഞെട്ടി പെട്ടെന്ന് അവളുടെ ശമ്പളം കൊടുത്തു പറഞ്ഞു വിട്ടു .
ടോമിക്കു ആശ്വാസമായി ."സാറിന്റെ പേര്" അവന്‍് ചോദിച്ചു "എന്റെ പേര് ശ്രീകുമാര്‍ കേരള സ്കൂളില്‍
അദ്ധ്യാപകന്‍് ആണ്"
" പരിചയപ്പെട്ടതില്‍് സന്തോഷം "ടോമി ചിരിച്ചുകൊണ്ടു കൈ കൊടുത്തു
"മററുള്ളവര്‍് പറയുന്നത് ശ്രദ്ധയോടെ കേള്‍്ക്കണം ,അറിയാവുന്ന ഹിന്ദിയില്‍ മറുപടി പറയണം . നമ്മള്‍് മലയാളികള്‍് മറ്റു ഭാഷകള്‍് വേഗം പഠിക്കും അതാ ബസ് വരുന്നുണ്ട്." അയാള്‍ ബസ് ചൂണ്ടി പറഞ്ഞു .
നന്ദി പറഞ്ഞു യാത്രക്കാര്‍ കുറവായിരുന്നു .ബസ്സിന്റെ മുമ്പില്‍് കണ്ടക്ടരുടെ സീറ്റിന്‍െറ
പുറകില്‍ വൃദ്ധര്‍ക്കായുള്ള സീറ്റില്‍് അവനിരുന്നു
ഇന്ത്യയില്‍ തന്നെ എത്ര ഭാഷകള്‍ .
ഭാഷ ഒരു വലിയ പ്രശ്നം തന്നെയാണ് ടോമി ചിന്തിച്ചു .
ഇംഗ്ലീഷ് ഒരന്തര്‍്ദേശീയ ഭാഷയായി ഉള്ളതുകൊണ്ട് രാജ്യങ്ങള്‍് തമ്മിലുള്ള ആശയ വിനിമയം സാധ്യമാകുന്നു .
അപ്പോള്‍ അതിനുമുമ്പോ ?
ലോകത്തെല്ലാം ഒരേ വാക്കും ഒരേ ഭാഷയും ആയിരുന്ന എന്ന ബൈബിള്‍ വാക്യം അവനോര്‍ത്തു .
നോഹയുടെ കാലത്തെ പ്രളയത്തിനു ശേഷം നിമ്രോദ് എന്ന വീരനായ നേതാവ് ജനത്തെയെല്ലാം വിളീച്ചുകൂട്ടി ശിനാര്‍ ദേശത്ത് ആകാശത്തോളം ഉയരമുള്ള ഒരു ഗോപുരം പണിയാന്‍ ആഹ്വാനം ചെയ്തു .വീണ്ടും ഒരു പ്രളയം ഉണ്ടായാല്‍ രക്ഷപ്പെടാന്‍ അവര്‍ക്കു വേറെ മാര്‍ഗ്ഗമില്ല .
എന്നാല്‍ ദൈവം അവരോടു കോപിച്ചു ,അവരുടെ ഭാഷയെ കലക്കി കളഞ്ഞു.
പരസ്പരം ഭാഷ മനസ്സിലാകാത്തവരായി ,പൂര്‍്ത്തിയാകാത്ത ഗോപുരത്തിന്‍െറ മുമ്പില്‍ പരസ്പരം കലഹിച്ച് അവര്‍ ലോകമെങ്ങും ചിതറിപ്പോയി .
കലപില ശബ്ദത്തോടെ ബസ്സിലേക്കു കുറെ പെണ്‍കുട്ടികള്‍ കയറി .ആ ശബ്ദം അവനെ ചിന്തയില്‍ നിന്നുണര്‍്ത്തി.എല്ലാവരും സുന്ദരികള്‍ അവര്‍ പല സീറ്റുകളിലായി ഇരുന്നു, ഒരാള്‍ ടോമിയുടെ സീറ്റീലും. അവനല്പം ഒതുങ്ങിയിരുന്നു .ഈ പെണ്ണിന് നാണമില്ലേ ? ഒരു ചെറുപ്പക്കാരന്റെ ഒപ്പം കയറി ഇരിക്കുക .ശ്ശെ!അവന് നാണം തോന്നി .ഇതു കേരളത്തിലെങ്ങാനും ആയിരുന്നെങ്കില്‍് അവള്‍ അപ്പോള്‍ അവന്റെ അടുത്തേക്കു കുറെക്കൂടെ ചേര്‍്ന്നിരുന്നു.അവന് പരിഭ്രമമായി.അവള്‍ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .എന്നിട്ട് ഹിന്ദിയിലെന്തോ ചോദിച്ചു .ഒരു സുന്ദരി തൊട്ടടുത്തിരിക്കുന്നതിന്‍െറ വൈക്ലബ്യത്തിനിടയിലാണ് അവളുടെ ഹിന്ദിയിലെ ചോദ്യം
അവന്‍ മറുപടി പറഞ്ഞില്ല .അത്ഭുതത്തൊടെ അവനെ നോക്കിക്കൊണ്‍്ട് അവള്‍ വീണ്ടും എന്തോ ചോദിച്ചു. ഇപ്രാവശ്യം അവന് ശ്വാസം നിലച്ചതുപോലെ തോന്നി .നല്ല തണുപ്പിലും അവനെ വിയര്‍ക്കാന്‍ തുടങ്ങി താന്‍ കേള്‍ക്കുന്നത് ലോകത്തെങ്ങുമില്ലാത്ത ഭാഷയാണെന്ന് അവന് തോന്നി .എന്ത് മറുപടി പറയും ?എങ്ങനെ പറയും ? ഒരു ഉപായത്തിനായി അവന്‍ ത്രസിച്ചു .പെട്ടെന്ന് പഞ്ചാബി ഹൌസിലെ ദിലീപിനെ അവനോര്‍ത്തു .താനൊരു ഊമനും ബധിരനും ആണെന്ന് അവന്‍ അവളോട് ആംഗ്യഭാഷയില്‍ പറഞ്ഞു .
ഓ സോറി അവള്‍ അവനെ ദയനീയമായി നോക്കിക്കൊണ്ട് ക്ഷമാപണം നടത്തി .
അവന് ആശ്വാസമായി .അവളില്‍ നിന്നും രക്ഷപ്പെടാന്‍ അവന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു .
ബാബേല്‍ ഉണ്ടാകാതിരുന്നെങ്കില്‍് ലോകത്തെല്ലാം ഒരേ വാക്കും ഒരേ ഭാഷയും ആയിരുന്നെങ്കില്‍ ഈ സുന്ദരിയോട് എനിക്ക് സല്ലപിക്കാമായിരുന്നു ദുഖത്തോടെ അവനോര്‍ത്തു .പാതി പണിതുയര്‍ത്തിയ ബാബേല്‍ ഗോപുരത്തിനുമുമ്പില്‍് വിഷണ്ണനായി നില്ക്കുന്ന നിമ്രോദിനെപ്പോലെ അവനിരുന്നു .അപ്പോളവന് ദൈവത്തോടു ദേഷ്യം തോന്നി .
ഒരു രാജ്യത്തിനുള്ളില്‍ അനേകം ഭാഷകള്‍ ,അതിന്റെ പേരില്‍ ഭിന്നത ,കലഹം .
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമില് മലയാളിയും മദ്രാസിയും ബംഗാളിയും മുംബൈക്കാരനും ,പക്ഷെ ഒറ്റ ഇന്ത്യാക്കാരന്‍് ഇല്ല .ഭാഷ ഒരു പാര ആയത് അവനെ അലോരസപ്പെടുത്തി .
അടുത്ത സ്റ്റോപ്പില്‍ ബസ് നിന്നു .ടോമിയുടെ തൊട്ടടുത്തിരുന്ന സുന്ദരി കുട്ടുകാരോടൊപ്പം ആ സ്റ്റോപ്പില്‍ ഇറങ്ങി . വണ്ടി മുന്നോട്ടു നീങ്ങിത്തുടങ്ങിയപ്പോള്‍് ആ സുന്ദരി തന്‍റെ കൂട്ടുകാരിയോടു ടോമിയെ ചൂണ്ടിക്കൊണ്ട് മലയാളത്തില്‍ ഇങ്ങനെ പറഞ്ഞു "ദേ നോക്കിക്കേ നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ,പാവം പൊട്ടനാ "
ടോമിയുടെ തലയില്‍ ഒരു വെള്ളിടി വെട്ടി .കണ്ണുകളില്‍ ഇരുട്ട് കയറി .
അവന്‍റെ മുമ്പില്‍ ബാബേല്‍ ഗോപുരത്തിന്‍െറ കല്ലുകള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീണു.
ബാബേല്‍ ഗോപുരം കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നു പോയി .
***********************